ANRIA QATAR ഓണ പൂക്കള മത്സരം-24

മലയാളിയുടെ മഹോത്സവമായ ഓണത്തിന്റെ വൈവിധ്യമായ ആഘോഷങ്ങളിൽ സവിശേഷമായ ഒന്നാണ് വർണ്ണ പൂക്കളമൊരുക്കൽ.

തുമ്പയും,മുക്കുറ്റിയും,കണ്ണാന്തളിയും, ജമന്തിയും, ചെണ്ട്മുല്ലുയും ചേർത്ത് വർണ്ണാഭമായ വ്യത്യസ്ത ഡിസൈനുകളിൽ പൂക്കളമൊരുക്കി ഇതാ ആൻറിയ ഖത്തറിന്റെ അംഗങ്ങളുൾപ്പെടുന്ന ടീമുകൾ മത്സരത്തിലൂടെ മാറ്റുരച്ചു.

മഹാബലി തമ്പുരാനെ വരവേൽക്കാനായി അത്തം മുതൽ പത്ത് നാൾ വരെ പൂക്കളമിടുന്ന പാരമ്പര്യത്തെ ഓർമ്മപ്പെടുത്തുന്ന രീതിയിൽ ആൻറിയയിലെ ഒൻപത് പഞ്ചായത്തുകളും അങ്കമാലി  മുനിസിപ്പാലിറ്റിയും ചേർന്ന പത്ത് ടീമുകൾപങ്കെടുത്ത വർണ്ണാഭമായ പൂക്കളമത്സരം നയനമനോഹരമായ കാഴ്ചയായി.

പുത്തൻ രീതികളും ഡിസൈനുകളും പരീക്ഷിച്ച് മത്സരിച്ച ടീമുകളിൽ വനിതകളും കുട്ടികളും പുരുഷന്മാരും ഒരുപോലെ അണിനിരന്നു. കരവിരുതും , കലാവിരുതും, കളർ ചേർച്ചയും ഒരു പോലെ പരിക്ഷിക്കപ്പെട്ട പൂക്കളമത്സരത്തിൽ കണ്ണഞ്ചിപ്പിക്കുന്ന പൂക്കള കാഴ്ച്ചയൊരുക്കി കാഞ്ഞൂർ പഞ്ചായത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇഞ്ചോടിഞ്ച് നടന്ന മത്സരത്തിൽ ആകർഷകമായ പൂക്കളൊമൊരുക്കി നെടുമ്പാശ്ശേരി പഞ്ചായത്ത് രണ്ടാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ, വ്യത്യസ്ഥതയുടെ മിഴിവുകൊണ്ട് വേറിട്ട് നിന്ന തുറവൂർ പഞ്ചായത്തിന്റെ പൂക്കളം മൂന്നാം സ്ഥാനവും നേടി. ഡിസൈനുകളിലും വർണ്ണകൂട്ടുകളിലും പുതിയരീതികൾ പരീക്ഷിച്ച മറ്റു പൂക്കളങ്ങളും കാഴ്ചയ്ക് മനോഹരങ്ങളായിരുന്നു.

2024 സെപ്റ്റംബർ 27നു ഓൾഡ് ഐഡിയൽ ഇന്ത്യൻ സ്കൂളിന്റെ ഓഡിറ്റോറിയത്തിൽ നടന്ന പൂക്കള മത്സരം ആൻറിയ ഖത്തറിന്റ പ്രസിഡണ്ട് ശ്രീ ജോയ് പോളും തിരുവോണാരവം  പ്രോഗ്രാം കൺവീനർ ഡോ: കെ കൃഷ്ണകുമാറും ചേർന്നു ഉൽഘാടനം ചെയ്തു.

അദ്ധ്യാപികയും കലാകാരിയുമായ ശ്രീമതി രോഷ്ണി കൃഷ്ണൻ, ശ്രീമതി. സീതാമേനോൻ, ശ്രീമതി രശ്മി കമലാഭായ് എന്നിവർ വിധികർത്താകളായിരുന്നു.

പൂക്കള മത്സര കമ്മിറ്റി കൺവീനർമാരായ ശ്രീ ഷാജി മാത്യുവും, ശ്രീ സയ്മൺ ജോസഫും മത്സരങ്ങൾക്ക് നേതൃത്വം നല്കി.