

“ജനുവരി ഒരോർമ്മ”
മഞ്ഞണിഞ്ഞ് കുളിര് പകർന്ന രാവ്, ഗൃഹാതുരത്വത്തിന്റെ ഓർമ്മകൾക്ക് ചൂട് പകർന്ന് ആൻറിയ ഖത്തർ
ആൻറിയ ഖത്തർ കുടുംബാംഗങ്ങൾക്ക് 2025 ജനുവരി മൂന്നിന്റെ ശിശിര രാവ് മഞ്ഞണിഞ്ഞ് കുളിർമ കോരിയ രാവ്, “ജനുവരി ഒരോർമ്മയായി ” എല്ലാവരുടെ മനസ്സിലും നില നിൽക്കും.
“കല്യാണത്തലേന്ന് ,ഒരു പുനരാവിഷ്കരണം”
എന്ന തീം അടിസ്ഥാനമാക്കി അംഗങ്ങളൊരുക്കിയ “ചട്ടവട്ടങ്ങളും, ചിട്ടകളും” പച്ചയിറച്ചിയും, പച്ചക്കറിയും പലവ്യജ്ഞനങ്ങളും, പാത്രങ്ങളും നിരത്തിയും പാലുപിഴിഞ്ഞും, പലരും പതി്വ് പഴങ്കഥകൾ പറഞ്ഞും പഴമയുടെ പതിവ് പാചക , വാചക ഒരുക്കങ്ങൾ പ്രതിഫലിപ്പിച്ചു. കലയിലും പാചകത്തിലും ഒരുപോലെ കഴിവ് തെളിയിച്ച ആൻറിയയുടെ അംഗനമാരും പുരുഷ കേസരികളും ഒരുമിച്ച് ആടിതകർത്ത സംഘ നൃത്തം പോലെ പാചക കലയെ തങ്ങളുടെ കയ്യും മെയ്യും മറന്ന് പാചക പുരയിൽ ആടി അരങ്ങ് തകർത്തപ്പോൾ, കലവറയിൽ പുതിയ രുചികൂട്ടുകളിൽ വിഭവ സമൃദ്ധമായ ഭക്ഷണമൊരുങ്ങി. കല്യാണതലേന്നിന്റെ അങ്കമാലി പാരമ്പര്യം പേറിവന്ന ബീഫും കായയും, അങ്കമാലിയുടെ സ്വന്തം മാങ്ങാക്കറിയും , മീൻ പറ്റിച്ചതും കുത്തരിച്ചൊറിൽ കൂട്ടി ഒരു “പിടി പിടിച്ചപ്പോൾ “അങ്കമാലിയിലൊ പരിസരത്തൊ ഏതൊ കല്യാണ തലേന്നുള്ള സദ്യയിൽ പങ്കെടുത്ത അനുഭവമായി. ബീഫും കായയും, പിന്നെ മാങ്ങാകറിയും മീൻപറ്റിച്ചതും , കുത്തരിച്ചോറും, പിന്നെ കൈലിമുണ്ടും, കയ്യില്ലാത്ത ബനിയനും ധരിച്ച് കൈതോർത്തുമായി “കറങ്ങി നടന്ന” വീട്ടിലെ “കാർന്നോന്മാരും ” “മേനോക്കികളും” (മേൽ നോട്ടക്കാർ) ഓരോ ആൻറിയനും ഗൃഹതുരത്വം ഉണർത്തുന്ന കുളിരുള്ള ഓർമകൾ സമ്മാനിച്ചു. പച്ചത്തേങ്ങയെ പലവട്ടം വട്ടകയിലിട്ടും, കൈതോർത്തിലിട്ടും ,കൈകൾക്കുള്ളിലിട്ടും കശക്കി അമർത്തി ഞെക്കി പിഴിഞ്ഞ് “അമ്മ നൽകിയ പാലുവരെ “പുറത്തേക്കെടുപ്പിച്ച പാൽ പിഴിയൽ ചടങ്ങിൽ ആൻറിയൻസിന്റെ ആൺ കൈക്കരുത്തിനെ വെല്ലുവിളിച്ച് പങ്കെടുത്ത് ഞങ്ങളും കൈക്കരുത്തിൽ പിന്നിലല്ലെന്ന് ആൻറിയയിലെ പെൺപടയും തെളിയിച്ചു. മഞ്ഞ് തുള്ളികൾ വിരിപ്പൊരുക്കിയ പുൽ മൈതാനത്ത് ഓടിക്കളിച്ചും , കളിപ്പാട്ടങ്ങളിൽ കയറിയിറങ്ങിയും, കറങ്ങിയാടിയും കുട്ടികളും ,കുരുന്നുകളും കുളിർമയകറ്റിയപ്പോൾ, ക്യാമ്പ് ഫയറിന് ചുറ്റും നൃത്തം ചവിട്ടി കല്യാണ വീട്ടിലെ പുരുഷ പെൺ കേസരികൾ കുളിരു കോരിയ ജനുവരി രാവിനെ താപനം ചെയ്തു. കല്യാണ തലേന്ന് , പുനരാവിഷ്കരിച്ച രാത്രിയിൽ വരനൊ വധുവിനൊ “മധുരം വെയ്പ്പെന്ന” പതിവ് ചടങ്ങിനെ അനുസ്മരിപ്പിക്കുന്നതായി തോന്നി കേക്ക് മുറിച്ച് പങ്കുവെച്ചപ്പോൾ . പല ആൻറിയൻസിന്റേയും തങ്ങളുടെ മധുരംവെയ്പ്പ് ചടങ്ങുകളുടെ ഗൃഹാതുരത്വം ഉണർത്തിയ ഓർമ്മകളായി ഈ ചടങ്ങ് മനസ്സിലൂടെ മിന്നി മറഞ്ഞത് അവരുടെ മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. ആൻറിയയിലെ കലാകാരന്മാരും കലാകാരികളും അരങ്ങത്ത് മാത്രമല്ല അടുക്കളയിലും തകർത്താടി പാചക കലയിലും തങ്ങൾ പിന്നോട്ടല്ലെന്ന് തെളിയിച്ചതിന്, നാസാരന്ധ്രങ്ങളെ മത്ത് പിടിപ്പിച്ച് വായിൽ വെള്ളമൂറ്റിയ ഉംസലാൽ അലിയിലെ ഫാം ഹൗസിലെ പാചകപുരയിൽ നിന്നുയർന്ന വായുവും, ആവിയും പുകയും മാത്രമല്ല , മഞ്ഞിൻ കണങ്ങളേറ്റ് കിടന്ന പുൽക്കൊടികളും സാക്ഷിയായി.
“ജനുവരി ഒരോർമ്മ” യാക്കാൻ മഞ്ഞണിഞ്ഞ് കുളിര് കോരിയ രാവിലും ശ്രീ ജോയ് ജോസിന്റെ നേതൃത്വത്തിൽ വിയർപ്പൊഴുക്കിയ ആൻറിയയുടെ നേതൃനിരയിലുള്ളവർക്കും, പ്രവർത്തകർക്കും ആത്മാർത്ഥമായ അഭിനന്ദനങ്ങൾ നേരുന്നു. തുടർന്നും ആൻറിയ ഖത്തറിന് പഴമയുടെ പാരമ്പര്യം പേറുന്ന ആഘോഷങ്ങളെ പുനരാവിഷ്ക്കാരിക്കാനുള്ള അവസരങ്ങൾക്ക് ഈ “ജനുവരിയുടെ ഓർമ്മകളും അനുഭവങ്ങളും കൂടുതൽ കരുത്ത് പകരുമെന്ന് കരുതട്ടെ.
Winter Gathering Photos & Videos
Explore the highlights of our gathering event through a curated collection of photos and videos